
ദോഹ പ്രവാസജീവിതത്തിന്റെ സമ്പന്നമായ അധ്യായം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന, ഇൻകാസ് ഖത്തർ പ്രസ്ഥാനത്തിന്റെ അടിത്തറ പാകിയ സ്ഥാപക നേതാവായ ശ്രീ. സാം കുരുവിള വിളനിലത്തിന് ഖത്തർ ഇൻകാസ് ഹൃദയം നിറഞ്ഞ യാത്രയയപ്പ് നൽകി.
ഖത്തറിലെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന രംഗങ്ങളിൽ വർഷങ്ങളായി അദ്ദേഹം നൽകിയ നിസ്തുല സംഭാവനകളും, ഇൻകാസിനെ ശക്തമായ പ്രസ്ഥാനമായി വളർത്തിയെടുക്കാൻ അദ്ദേഹം സഹിച്ച ത്യാഗങ്ങളും ചടങ്ങിൽ അനുസ്മരണീയമായി ഓർമ്മപ്പെടുത്തി.
ഐ.സി.സി മുംബൈ ഹാളിൽ നടന്ന ചടങ്ങ് ഖത്തർ ഇൻകാസ് മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് അൻവർ സാദത്ത് പൊന്നാട അണിയിച്ച് ആദരിക്കുകയും, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്നേഹോപഹാരമായി ഇൻകാസിന്റെ മൊമന്റോ സമർപ്പിക്കുകയും ചെയ്തു.
ഇൻകാസ് ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, രക്ഷാധികാരികളായ കെ.കെ. ഉസ്മാൻ, മുഹമ്മദ് ഷാനവാസ്, ജോൺ ഗിൽബർട്ട്, ഐ.സി.സി ജന: സെക്രട്ടറി എബ്രഹാം ജോസഫ്,ഉപദേശക സമിതി മെമ്പർമാരായ സുരേഷ് കരിയാട്, ബഷീർ തുവരിക്കൽ, അഹദ് മുബാറക് എന്നിവർ ആശംസകൾ നേർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനമികവും നേതൃത്വഗുണവും അനുസ്മരിച്ചു.
മറുപടി പ്രസംഗത്തിൽ സാം കുരുവിള ഇൻകാസിനൊപ്പമുള്ള തന്റെ ദീർഘകാല പ്രവർത്തനാനുഭവങ്ങളും സംഘടനയുടെ വളർച്ചയിൽ പങ്കാളിയായ നിമിഷങ്ങളും ഹൃദയസ്പർശിയായി പങ്കുവെച്ചു.p
ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് അൻവർ സാദത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിംഗ് ജന: സെക്രട്ടറി ഈപ്പൻ തോമസ് സ്വാഗതവും ജന: സെക്രട്ടറി ഫാസിൽ ആലപ്പുഴ നന്ദിയും രേഖപ്പെടുത്തി.
സ്നേഹവും ആദരവും നന്ദിയും നിറഞ്ഞ ഈ യാത്രയയപ്പ് ചടങ്ങ്, സാം കുരുവിളയുടെ പ്രവാസജീവിതത്തിലെ മനോഹരമായ ഒരു അനുഭവമായി മാറി.











